നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ കബഡിയിൽ ഇന്ത്യയ്ക്ക് സ്വർണം. ആവേശം അവസാന നിമിഷംവരെ നീണ്ട മത്സരത്തിൽ ഇറാനെ 37-34ന് കീഴടക്കിയാണ് ഇന്ത്യൻ വനിതകൾ സ്വർണ മെഡൽ സ്വന്തമാക്കിയത്. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം മൂന്നായി.
20-19ന് ആദ്യ പകുതിയിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ തന്ത്രപരമായ മുന്നേറ്റങ്ങളുമായി കളം പിടിച്ച ഇന്ത്യൻ താരങ്ങൾ നിർണായക ഓൾഔട്ടുകളിലൂടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അവസാന നിമിഷങ്ങളിലെ മിന്നും നീക്കങ്ങൾ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.
ക്യാപ്റ്റൻ പുഷ്പ റാണയുടെ നേതൃത്വത്തിൽ റെയ്ഡർമാരും പ്രതിരോധ താരങ്ങളും ഒത്തൊരുമിച്ച് നടത്തിയ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് സ്വർണം സമ്മാനിച്ചത്. കബഡിയിൽ പുരുഷ ടീമും ഇന്ന് കലാശപ്പോരാട്ടത്തിനിറങ്ങുന്നുണ്ട്. ഇറാന് തന്നെയാണ് എതിരാളികള്‍. അതേസമയം പുരുഷന്മാരുടെ മാരത്തണിലും ഇന്ത്യക്ക് അഭിമാനനേട്ടം സ്വന്തമാക്കി.
വ്യക്തിഗത മികച്ച സമയമായ രണ്ടു മണിക്കൂർ 11 മിനിറ്റ് 37 സെക്കൻഡിൽ ഫിനിഷ് ചെയ്ത സാവൻ ബർവാൾ വെള്ളി മെഡൽ സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിലെ പുരുഷ മാരത്തണിൽ 44 വർഷത്തിനിടെ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിലും ഇന്ത്യവെള്ളി നേടി.
പോയിന്റ് പട്ടികയിൽ 105 സ്വര്‍ണവും 39 വെള്ളിയും 25 വെങ്കലവുമടക്കം169 മെഡലുമായി ചൈനയാണ് ഒന്നാമത്. 30 സ്വര്‍ണമടക്കം 120 മെഡലുമായി ജപ്പാൻ രണ്ടാമതും 13 സ്വര്‍ണമടക്കം 69 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാമതുമാണ്. മൂന്ന് സ്വര്‍ണവും 11 വെള്ളിയും 13 വെങ്കലവുമടക്കം 27 മെഡലുകള്‍ നേടിയ ഇന്ത്യ മെഡല്‍പ്പട്ടികയില്‍ 12-ാം സ്ഥാനത്താണ്.